- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളെ അടിച്ചുനുറുക്കി ദുബായിലേക്ക് കടന്നുകളഞ്ഞു; പക്ഷെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് ആശാൻ അറിഞ്ഞില്ല; എയർപോർട്ടിൽ കാല് കുത്തിയതും പോലീസ് ഇരച്ചെത്തി; മുഹമ്മദ് കുടുങ്ങി
നെടുമ്പാശ്ശേരി: 2015-ൽ തൃശ്ശൂരിൽ നടന്ന ആക്രമണക്കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി. വള്ളിവട്ടം കരൂപടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് ദുബായിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ തൃശ്ശൂർ റൂറൽ പോലീസ് ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.
കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്നാണ് മുഹമ്മദിനെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ മുഹമ്മദിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഈ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
2015 മെയ് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. കരൂപടന്നയിലുള്ള പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് വാദിച്ച് അതുവഴി നടന്നുപോവുകയായിരുന്ന ഒരു യുവാവിനെ മുഹമ്മദ് ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മാവനായ തെക്കുംകര വില്ലേജ് കരൂപടന്ന സ്വദേശി മയ്യാക്കാരൻ വീട്ടിൽ ബഷീറിനെയും (49) പ്രതി അസഭ്യം പറയുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായതിന് ശേഷം കോടതിയിൽ നിന്ന് ജാമ്യം നേടി മുഹമ്മദ് വിദേശത്തേക്ക് കടക്കുകയായിരുന്നു.




