ആലപ്പുഴ: മദ്യം കൂടുതൽ നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ജംഷീറിനാണ് ഡിസംബർ 31 രാത്രി 10:30-ഓടെ ആലപ്പുഴയിലെ ഒരു റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് ആക്രമണമുണ്ടായത്.

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പിഒ കാരപ്ലാക്കൽ വിചിൻ, ആലപ്പുഴ കലവൂർ മണ്ണഞ്ചേരി കണ്ണന്തറവെളിയിൽ സോനു എന്ന അലക്സ്, നോർത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടിൽ ദീപക്, ചേർത്തല സിഎംസി 3 അരയശേരി വീട്ടിൽ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിചിൻ മറ്റൊരു ടാക്സി ഡ്രൈവറാണ്. ദീപക് വിചിന്റെ അളിയനാണെന്നും പോലീസ് അറിയിച്ചു.

കൊച്ചിയിൽനിന്ന് ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെ റിസോർട്ടിൽ എത്തിയതായിരുന്നു ജംഷീർ. റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് ജംഷീറും മറ്റൊരു ടാക്‌സി ഡ്രൈവറായ വിചിനും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വിചിന് നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കത്തിനിടെ വിചിന്റെ തലയ്ക്ക് പരിക്കേൽക്കുകയും തുടർന്ന് ഇയാൾ അളിയനായ ദീപക്കിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ജംഷീറിനെ ആക്രമിക്കുകയുമായിരുന്നു.