തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ 19 വയസ്സുകാരൻ അറസ്റ്റിലായി. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രി നടന്ന സംഭവത്തിൽ, ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ചാത്തമ്പാറ ബസ് സ്റ്റോപ്പ് മുതൽ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. യുവതി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്തിന് സമീപമുള്ള 50-ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 15-ലധികം വാഹനങ്ങളെയും പത്തോളം വ്യക്തികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസ്ഹറുദ്ദീനെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.