- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളത്തരം കാണിച്ചിട്ട് നേരെ വിട്ടത് നെയ്യാറ്റിന്‍കര ഭാഗത്തേക്ക്; പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിൽ ബസ് വളഞ്ഞ് പൊക്കി; കുപ്രസിദ്ധ മാലപൊട്ടിക്കൽ സംഘം കുടുങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം: കാരക്കോണത്ത് ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ കുപ്രസിദ്ധ തമിഴ് സ്ത്രീ സംഘത്തിലെ മൂന്നുപേരെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിനികളായ വേളമ്മ (54), പാപ്പാട്ടി (53), കവിത (55) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ നവംബര്‍ മൂന്നിനാണ് കാരക്കോണം സ്വദേശിനി ജയലക്ഷ്മിയുടെ മാല ബസ് യാത്രയ്ക്കിടെ സംഘം കവർന്നത്. മോഷണത്തിന് ശേഷം കുന്നത്തുകാലില്‍ ബസ്സിറങ്ങിയ പ്രതികൾ ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വിശദമായ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കി. തിങ്കളാഴ്ചയോടെ സംഘം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വെള്ളറട പോലീസിൻ്റെ പ്രത്യേക സംഘം നെയ്യാറ്റിൻകരയിലേക്ക് തിരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞ പോലീസ്, ബസ്സിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ കീഴ്പ്പെടുത്തി.
പരിശോധനയിൽ പ്രതികളുടെ ബാഗിൽ കവർച്ച ചെയ്ത പണം കണ്ടെത്തി. ഈ സംഘത്തിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ആർക്കും പിടികൊടുക്കാതെ അതിവിദഗ്ദ്ധമായി രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. കവർച്ച ചെയ്യുന്ന സ്വർണാഭരണങ്ങൾ ശരീരത്തിൻ്റെ പല ഭാഗങ്ങളിൽ രഹസ്യമായി ഒളിപ്പിച്ചാണ് ഇവർ കടന്നുപോകാറുള്ളത്. മോഷണം നടന്നാൽ, "ഇതാ എന്നെ പരിശോധിച്ചോളൂ" എന്ന് പറഞ്ഞ് സ്വയം മുന്നോട്ട് വന്ന് യാത്രക്കാരെയും നാട്ടുകാരെയും കബളിപ്പിച്ച് രക്ഷപ്പെടുന്നതും ഇവരുടെ തന്ത്രമായിരുന്നു.


