തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ ചന്ദ്രമൗരിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു അക്രമം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇയാളെ നാട്ടുകാർ തിരിച്ചറിഞ്ഞത്.

കറുത്ത ഷർട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ഒരു കവറുമായി എത്തിയ ചന്ദ്രമൗരി, പരിസരത്ത് ആളനക്കമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കല്ലെടുത്ത് കാറുകളുടെ ചില്ലുകൾ എറിഞ്ഞുപൊട്ടിച്ചത്. ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ഡിപിഐ ഭാഗത്ത് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തുകയും പിടികൂടി പോലീസിന് കൈമാറുകയും ചെയ്തത്.