- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ചയിൽ ഒരിക്കലെങ്കിലും ഗോവയിൽ പോകാൻ മോഹം; പ്രധാന ലക്ഷ്യം ചൂതുകളിയും ആർഭാട ജീവിതവും; ഇതിനൊക്കെ പണം കണ്ടെത്താൻ ഇയാൾ ചെയ്യുന്നത്; ക്യാമറ കണ്ണുകളിൽ എല്ലാം വ്യക്തം

കൊച്ചി: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് വ്യാപകമായി മോഷണം നടത്തിവന്ന 45 വയസ്സുകാരൻ കൊച്ചി റൂറൽ പോലീസിൻ്റെ പിടിയിൽ. ഗോവയിലെ ആർഭാട ജീവിതത്തിനും ചൂതുകളിക്കും പണം കണ്ടെത്താനായിരുന്നു ഇയാൾ മോഷണങ്ങൾ നടത്തിയിരുന്നത്. മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദ് (45) ആണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വലയിലായത്. ജനുവരി 10ന് കുറുപ്പംപടി, പുല്ലുവഴി പ്രദേശങ്ങളിൽ നടന്ന മോഷണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ 11 മോഷണങ്ങൾ നടത്തിയതായി നൗഷാദ് സമ്മതിച്ചു. ജനുവരി പത്തിന് പുല്ലുവഴി കർത്താവുംപടിയിലെ ഒരു വീട്ടിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മോഷ്ടാവ് സിസിടിവി ക്യാമറ കവരുകയായിരുന്നു. അതേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള മറ്റൊരു വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരവും ഇയാൾ മോഷ്ടിച്ചു. ഈ രണ്ട് വീടുകളിലും മോഷണം നടന്ന സമയത്ത് ആളുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്നാണ് നൗഷാദ് മോഷണങ്ങൾ നടത്തിയിരുന്നത്. മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് തുടങ്ങിയ വിവിധ സ്റ്റേഷൻ പരിധികളിലെ പൂട്ടിയിട്ട, ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണങ്ങൾ. സ്വർണ്ണവും പണവുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. മോഷണം നടന്ന് അഞ്ച് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ വലയിലാക്കാൻ സംഘത്തിന് സാധിച്ചു. ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർ ബി.എം ചിത്തുജി, അസി. സബ് ഇൻസ്പെക്ടർ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ അഫ്സൽ, ബെന്നി ഐസക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലെ പ്രധാനികൾ.


