കൊച്ചി: നഗരത്തിലെ ഇടവഴികളിൽ മോട്ടോർ സൈക്കിളിലെത്തി സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി ആക്രമിച്ചു മുങ്ങിയ രണ്ട് കൗമാരക്കാർ എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായി. വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസിലിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപ്പടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരു യാത്രക്കാരി നൽകിയ പരാതിയെ തുടർന്നുള്ള സമഗ്രമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

നഗരത്തിലെ ഇടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയുമായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. മാനഹാനി ഭയന്ന് ഇരകൾ പരാതി നൽകാൻ മടിക്കുന്നത് ഇവർ തങ്ങളുടെ കുറ്റകൃത്യങ്ങൾ തുടരാൻ മുതലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ആക്രമണത്തിനിരയായ പെൺകുട്ടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

പരാതിക്കാരി നൽകിയ സൂചനകളെ അടിസ്ഥാനമാക്കി കലൂർ, കടവന്ത്ര, പാലാരിവട്ടം ഭാഗങ്ങളിലെ അഞ്ഞൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ പ്രമോദ്, അനീഷ്, സി.പി.ഒമാരായ ഷിബു, ബിനോജ് കുമാർ, റിനു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം പൂർത്തിയാക്കിയത്.