- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയാത്രക്കാരനെ കണ്ടതും പിടിച്ചുനിർത്തി നല്ല ഇടിപൊട്ടിച്ചു; കുത്തിവീഴ്ത്തി ബാഗും ഫോണും തട്ടിയെടുത്ത് ഓട്ടം; പ്രതികളെ പൊക്കി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം തലയിൽ സിഎസ്ഐ പള്ളിക്ക് സമീപം കരിംപ്ലാവു വിള പുത്തൻവീട്ടിൽ മണികണ്ഠൻ , പൂഴിക്കുന്ന് എസ്റ്റേറ്റിനു സമീപം താമസിക്കുന്ന ഷാജീർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച തമ്പാനൂർ പാർത്ഥാസ് ടെക്സ്റ്റൈൽസിന് സമീപം വെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് തമ്പാനൂരിൽ എത്തിയ തൊളിക്കോട് സ്വദേശി ഉമ്മർഖാൻ അരിസ്റ്റോ ജംഗ്ഷനിലേക്ക് നടന്നുപോകുമ്പോളാണ് ആക്രമണത്തിന് ഇരയായത്. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ഉമ്മർഖാനെ കുത്തിപ്പരിക്കേൽപ്പിക്കുകയും കയ്യിലിരുന്ന ഫോണും ബാഗും തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം തമ്പാനൂർ പോലീസ് സ്റ്റേഷൻ ചാർജുള്ള കരമന ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മണികണ്ഠനെ കിഴക്കേക്കോട്ട ഭാഗത്ത് നിന്നും ഷാജീറിനെ പൂഴിക്കുന്ന് ഭാഗത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മണികണ്ഠനെന്നും ഷാജീർ ഇയാളുടെ സഹായിയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


