കോഴിക്കോട്: ന്യൂയർ ദിനത്തിൽ അധ്യാപകനെ ക്രൂരമായി മർദിച്ച് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു യുവാക്കളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൻ്റെ ശബ്ദം പുറത്തറിയാതിരിക്കാൻ ബ്ലൂടൂത്ത് സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വെച്ചായിരുന്നു സംഘത്തിന്റെ മോഷണശ്രമം.

പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ (22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ (22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത് (24) എന്നിവരാണ് പോലീസ് പിടിയിലായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡൻസിയിലെ 108-ാം നമ്പർ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം ആക്രമിച്ചത്. ന്യൂയർ ദിവസം പുലർച്ചെ ഫ്ലാറ്റിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ അക്രമികൾ അധ്യാപകനെ മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

അധ്യാപകനെ മർദിച്ച ശേഷം 10,000 രൂപ, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ എന്നിവയുമായി സംഘം കടന്നുകളഞ്ഞു. ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു.