- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സോഡ' ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പക; ഇരുമ്പുവടി കൊണ്ട് അടിച്ചുനുറുക്കി; വധശ്രമക്കേസിൽ 'ബാഷ'യെ പൊക്കി പോലീസ്

ചാലക്കുടി: വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. ചാലക്കുടി പോട്ട പനമ്പിള്ളി കോളജിന് സമീപം മുത്രത്തിപ്പറമ്പിൽ വീട്ടിൽ ബാഷ എന്നു വിളിക്കുന്ന നിഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരന്തരപ്പിള്ളി പൗണ്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്.
2013 ഡിസംബർ 22ന് ചാലക്കുടി പോട്ട സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിൽസൺ എന്നയാളുടെ കടയിൽനിന്ന് രാത്രിയിൽ സോഡ ചോദിച്ചത് കൊടുക്കാത്ത വൈരാഗ്യത്താൽ വാളും ഇരുമ്പുവടിയുമായി വിൽസന്റെ വീട്ടിൽ അതിക്രമിച്ച് കയറി വാതിൽ പൊളിച്ച് വിൽസനെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
ഈ കേസിൽ കോടതിയിൽനിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിഷാദ് ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള കേസും അടിപിടിക്കേസും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.


