- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഭാര്യ വീട്ടിലെത്തി മുട്ടൻ ബഹളം; അത് അനുനയിപ്പിക്കാനെത്തിയ പൊതുപ്രവർത്തകനെ അടിച്ചുനുറുക്കി; കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് അനുനയിപ്പിക്കാനെത്തിയ പൊതുപ്രവർത്തകനെ മർദിച്ച കേസിൽ നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ. നെയ്യാറ്റിൻകര ഫോർട്ട് സ്വദേശിയും സ്വകാര്യ സ്കൂൾ ജീവനക്കാരനുമായ ജയകൃഷ്‌ണനെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് ചെങ്കലിന് സമീപമുള്ള ഭാര്യയുടെ വീട്ടിലെത്തി ജയകൃഷ്‌ണൻ ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാറശാല പോലീസും സ്ഥലത്തെത്തി. സംഭവം അറിഞ്ഞെത്തിയ ചെങ്കൽ കോയിക്കൽ സ്വദേശിയായ പൊതുപ്രവർത്തകൻ സൂരജ് കുമാറിനോട്, ജയകൃഷ്‌ണനെ നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സൂരജ് തന്റെ ബൈക്കിൽ ഇയാളെ വീട്ടിലെത്തിച്ച് മടങ്ങി.
പിന്നീട്, ജയകൃഷ്‌ണൻ വീണ്ടും സ്ഥലത്തെത്തി ബഹളമുണ്ടാക്കിയതറിഞ്ഞ്, പോലീസിന്റെ അഭ്യർഥന പ്രകാരം ഇയാളെ വീണ്ടും വീട്ടിലെത്തിക്കാൻ പോവുകയായിരുന്നു സൂരജ്. യാത്രമധ്യേ, കോവിലിനടുത്തുവെച്ച് ജയകൃഷ്‌ണൻ സൂരജിനെ ആക്രമിക്കുകയായിരുന്നു. സൂരജിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിച്ചശേഷം നിലത്തിട്ട് ക്രൂരമായി മർദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സൂരജിനെ ആശുപത്രിയിലെത്തിച്ചത്.
ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ ജയകൃഷ്‌ണനെ കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര, പാറശാല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.


