കൊല്ലം: കൊല്ലം ഓച്ചിറയിൽ വൻ ലഹരിമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപ് (28) പിടിയിലായി. ഇയാളിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചങ്ങൻകുളങ്ങരയിലെ വാടക വീട്ടിൽ നിന്ന് അനൂപിനെ പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, ഇത് ഉപയോഗിക്കുന്നതിനുള്ള ഹുക്കയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഡാൻസാഫ് ടീം അംഗങ്ങൾ സംശയിക്കുന്നത്.

കഴിഞ്ഞ എട്ടുവർഷമായി അനൂപ് ഓച്ചിറ ചങ്ങൻകുളങ്ങരയിലെ മാലിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഓച്ചിറ എസ്.എച്ച്.ഒയുടെ നിർദേശപ്രകാരം ഡാൻസാഫ് എസ്ഐമാരായ സായിസേനൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. മയക്കുമരുന്ന് ബെംഗളൂരുവിൽ എവിടെനിന്ന് ലഭിച്ചു, സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ തുടരന്വേഷണം നടന്നുവരികയാണ്.