- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതിനെ കുറിച്ച് ഇനി ഒന്നും സംസാരിക്കണ്ട..'; പെണ്ണിന്റെ വാക്ക് കേട്ടപാടെ മുട്ടൻ ഇടി തുടങ്ങി; കലി കയറി ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാനും ശ്രമം; ഷാപ്പിലെ അടി കേസിൽ രണ്ട് പ്രതികൾ പിടിയിൽ

തൃശ്ശൂർ: അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശ്ശൂർ ദിവാഞ്ചിമൂല സ്വദേശികളായ ഷാനിബ് (25), അൽത്താഫ് (24) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14-ന് വൈകീട്ട് 5.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഷാപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനെയും സുഹൃത്തായ യുവതിയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. അലന്റെ പേരിലുള്ള പഴയ ക്രിമിനൽ കേസുകളെക്കുറിച്ച് പ്രതികൾ സംസാരിച്ചു തുടങ്ങിയപ്പോൾ, അതേക്കുറിച്ച് പറയേണ്ടെന്ന് യുവതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് പ്രതികൾ അലനെ മർദിക്കുകയും, ഇത് തടയാൻ ശ്രമിച്ച യുവതിയെ തടഞ്ഞുനിർത്തി പൊട്ടിയ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി കൈകൊണ്ട് തടഞ്ഞതിനാൽ തലയ്ക്ക് പരിക്കേറ്റില്ലെങ്കിലും കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് യുവതിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ, കൂടുതൽ പ്രശ്നമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളിൽ ഒരാളായ അൽത്താഫിനെതിരെ തൃശ്ശൂർ ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകക്കേസ്, പോക്സോ കേസ്, കൊലപാതകശ്രമക്കേസ്, രണ്ട് അടിപിടിക്കേസുകൾ, രണ്ട് മുൻകരുതൽ അറസ്റ്റ് കേസുകൾ എന്നിവയുൾപ്പെടെ എട്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
അന്തിക്കാട് സി.ഐ. വി.എം. കേഴ്‌സൺ, എസ്.ഐ. അഫ്‌സൽ, സി.പി.ഒ.മാരായ ഹസീബ്, പ്രതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.


