കല്പറ്റ: ഒ.എൽ.എക്സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശി ഫാസിൽ (30) ആണ് ശനിയാഴ്ച രാത്രി മുക്കത്ത് വെച്ച് അറസ്റ്റിലായത്. തട്ടിപ്പ് നടത്തിയശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

2022-ൽ പിണങ്ങോട് സ്വദേശിയുടെ പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് ഫാസിൽ ഒളിവിൽ പോവുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവന്ന ഇയാളെ മുക്കത്തെ ഒരു വാടകവീട്ടിൽ നിന്നാണ് സൈബർ പോലീസ് സംഘം പിടികൂടിയത്. ഈ തട്ടിപ്പ് സംഘത്തിലെ മറ്റു രണ്ടുപേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിലകുറവിൽ ഐഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പിണങ്ങോട് സ്വദേശിയിൽനിന്ന് പ്രതി തിരിച്ചറിയൽ രേഖകൾ കൈക്കലാക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ പണം നൽകാതെ ഒഴിഞ്ഞുമാറിയെങ്കിലും, ഫാസിൽ ഈ രേഖകൾ ഉപയോഗിച്ച് മലപ്പുറം സ്വദേശിയെ കബളിപ്പിച്ചു. പിന്നീട് മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തേടിയെത്തിയപ്പോഴാണ് തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി പരാതിക്കാരൻ അറിഞ്ഞത്. തുടർന്നാണ് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ഷജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആയിഷ, അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ഒ.എൽ.എക്സ്. വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.