- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന വിദ്യാർത്ഥി; അവിടെ നിന്നും ലഹരിമരുന്ന് ആയിരം രൂപയ്ക്ക് വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്നത് സ്ഥിരം പരിപാടി; യുവാവിനെ കൈയ്യോടെ പൊക്കി

ആലപ്പുഴ: ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തോടനുബന്ധിച്ച് ലഹരിമരുന്ന് വിൽപനയ്ക്കായി എത്തിച്ച നഴ്‌സിങ് വിദ്യാർത്ഥി എംഡിഎംഎയുമായി പിടിയിൽ. ഇരുപതുകാരനായ കാർത്തിക് ആണ് ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തുവെച്ച് ഹരിപ്പാട് പൊലീസിൻ്റെയും ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെയും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിന് പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഇയാൾ, അവിടെനിന്ന് ആയിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് അയ്യായിരം രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ലഹരിമരുന്ന് വിൽപന ലക്ഷ്യമിട്ടാണ് ഇയാൾ ക്ഷേത്രോത്സവത്തിനെത്തിയത്.
ജില്ലാ പൊലീസ് ഇയാളെ നാളുകളായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഇതേ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗുണ്ടാസംഘങ്ങൾ ലഹരി ഉപയോഗിച്ച് ഏറ്റുമുട്ടിയിരുന്നു. പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് പ്രധാനമായും ലഹരിക്കടത്ത് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതി ആർക്കുവേണ്ടിയാണ് ലഹരിവസ്തുക്കൾ കൊണ്ടുവന്നതെന്നും, ഇതിനായി സാമ്പത്തികസഹായം നൽകിയത് ആരാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കായംകുളം ഡിവൈഎസ്‌പി ബിനുകുമാറിൻ്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരടങ്ങിയ സംഘവും നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് കാർത്തികിനെ പിടികൂടിയത്. പൊതുപരിപാടികൾ ലഹരിവിൽപനയ്ക്ക് മറയാക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


