- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല സ്മാർട്ടായി ചിരിച്ച് നിൽപ്പ്; കുറച്ച് മാസങ്ങളായി ജില്ലയ്ക്ക് പുറത്താണ് പയ്യന്മാരുടെ താമസം; ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് വില്പന; പ്രതികളെ പൊക്കി പോലീസ്

ആലപ്പുഴ: ഒഡിഷയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിയിരുന്ന ക്രിമിനൽ കേസ് പ്രതികളായ രണ്ടുപേർ ആലപ്പുഴയിൽ പിടിയിലായി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽവെച്ച് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 250 ഗ്രാം കഞ്ചാവും 200 നൈട്രോസെഫാം ഗുളികകളും പിടിച്ചെടുത്തു. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മാഹിൻ (23) എന്നിവരാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.
ഇജാസ് നിരവധി മോഷണക്കേസുകളിലും കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ മാസം ആലപ്പുഴ നോർത്തിൽ രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഇയാളെ നോർത്ത് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. മാഹിനും നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിൽ പ്രതിയാണ്.
മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. സംസ്ഥാനത്തിന് പുറത്തുനിന്ന് ട്രെയിൻ മാർഗം ജില്ലയുടെ അതിർത്തിയിലെത്തി, അവിടെനിന്ന് ബസിലോ ബൈക്കിലോ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുകയാണ് ഇവർ ചെയ്തിരുന്നത്. ഇടപാടുകൾ സുരക്ഷിതമാക്കാൻ തണ്ണീർമുക്കം ബണ്ട് മേഖലയാണ് ഇവർ കൂടുതലും തിരഞ്ഞെടുത്തിരുന്നത്. ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി വരുന്ന വഴി പലയിടങ്ങളിലായി വിറ്റഴിച്ച ശേഷം, ബാക്കിവന്ന കഞ്ചാവും ഗുളികകളുമായി തണ്ണീർമുക്കം ബണ്ട് വഴി മടങ്ങാൻ ശ്രമിക്കുമ്പോഴാണ് പോലീസ് വലയിലാക്കിയത്. സ്വന്തം പേരിലോ ഒരു മാസത്തിൽ കൂടുതലോ ഒരു സിം കാർഡ് ഉപയോഗിക്കാതെ നിരന്തരം ഒളിത്താവളങ്ങൾ മാറിക്കൊണ്ടായിരുന്നു ഇജാസിൻ്റെ കച്ചവടം.
ചേർത്തല ഡിവൈഎസ്‌പി അനിൽകുമാർ, മുഹമ്മ സിഐ വിഷ്ണുകുമാർ, എസ്‌സിപിഒമാരായ അഖിൽ, സുജിത്ത് എന്നിവരും നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


