തിരുവനന്തപുരം: വർക്കലയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാദ് (പേട്ട സ്വദേശി) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് ആറ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.

11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികളാണ് ഷംനാദിന്റെ വീട്ടുവളപ്പിൽ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. മറ്റ് ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലും, രണ്ട് ചെടിച്ചട്ടികളിൽ മാറ്റി നട്ടും ഇവ പരിപാലിച്ചു വരികയായിരുന്നു.

സ്വകാര്യ കമ്പനി ജീവനക്കാരനായ ഷംനാദ് ജോലിയുമായി ബന്ധപ്പെട്ടാണ് പാളയംകുന്ന് ഭാഗത്ത് എത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വർക്കല എക്സൈസ് സി.ഐ. ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗിരീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.