- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ട്രെയിനിൽ വന്നിറങ്ങി; പെരുമാറ്റം കണ്ടപ്പോൾ തന്നെ സംശയം; പിടിച്ചു നിർത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്; രേണുനെ അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂർ: കുന്നംകുളത്ത് വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശിനി രേണു ബഹറ (45) ആണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് നാല് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു അറസ്റ്റ്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തൃശൂരിലെത്തിയ രേണു, അവിടെ നിന്നാണ് സ്വകാര്യ ബസിൽ കുന്നംകുളത്തേക്ക് തിരിച്ചത്. അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളെ നിരീക്ഷിച്ചു വരികയായിരുന്ന ഷാഡോ പോലീസ് യുവതിയെ തൃശൂരിൽ വെച്ച് തന്നെ പിന്തുടർന്നിരുന്നു. ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചതോടെ രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വടക്കേക്കാട് പരൂരിൽ വാടകയ്ക്ക് താമസിക്കുന്ന രേണു, ഒഡീഷയിൽ നിന്ന് സ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം, വടക്കേക്കാട് മേഖലകളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പോലീസ് കരുതുന്നു. ഡാൻസാഫ് എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ഈ ലഹരി മാഫിയയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുന്നംകുളം മേഖലയിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണി അറസ്റ്റിലായത് പോലീസിന് വലിയ നേട്ടമായിരിക്കുകയാണ്.


