തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് പിടിയിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയാണ് ഇവരുടെ തട്ടിപ്പിനിരയായത്.

പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പരാതിക്കാരിയെ സമീപിച്ചത്. പണം കൈപ്പറ്റിയ ശേഷം ഇവർ 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച ഒരു പാക്കറ്റ് നൽകി. എന്നാൽ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകൾക്ക് പകരം ലോട്ടറി ടിക്കറ്റുകൾ അടുക്കിവെച്ചാണ് തങ്ങളെ പറ്റിച്ചതെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഡിസംബറിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കന്‍റോൺമെന്‍റ് പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്‍റ് കമ്മീഷണർ അജയനാഥിന്‍റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്.