- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടപ്പോൾ തന്നെ സംശയം തോന്നി; പരിശോധനയിൽ ബെഡ്റൂമിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ; യുവാവിനെ പൊക്കി എക്സൈസ്

മാവേലിക്കര: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി 26 വയസ്സുകാരനായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നൂറനാട് വില്ലേജിലെ പാറ്റൂർ മുറിയിൽ ഗോകുൽ ഭവനത്തിൽ സത്യന്റെ മകൻ ഗോകുലാണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ലഹരിമരുന്ന് വേട്ട നടത്തിയത്. പാറ്റൂർ ജംഗ്ഷന് സമീപമുള്ള ഗോകുലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിലാണ് 2.359 ഗ്രാം എംഡിഎംഎയും 0.839 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് എൻഡിപിഎസ് നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ, പ്രതിക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ, ഉത്സവ സീസണുകളിലും മറ്റ് ആഘോഷങ്ങളിലും 'പാർട്ടി ഡ്രഗ്' എന്ന നിലയിൽ വിതരണം ചെയ്യാനാണ് ഗോകുൽ ലഹരിമരുന്ന് ശേഖരിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂജെൻ ലഹരിമരുന്നുകൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങളെ എക്സൈസ് സംഘം അതീവ സൂക്ഷ്മതയോടെ നിരീക്ഷിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


