തൃശൂർ: നാട്ടിക കേന്ദ്രീകരിച്ച് മീൻപിടുത്തക്കാരൻ എന്ന വ്യാജേന ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവ് പോലീസിന്റെ പിടിയിലായി. നാട്ടിക സ്വദേശി വിഷ്ണു (37) ആണ് ആറേമുക്കാൽ കിലോയിലധികം കഞ്ചാവും മാരകായുധങ്ങളുമായി അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീമും വലപ്പാട് പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പ്രതിയുടെ വീടിന്റെ ടെറസിനു മുകളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ വലിയ ഡിമാൻഡുള്ള 'ഗ്രീൻസ്' ഇനത്തിൽപ്പെട്ട 6 കിലോ 830 ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്നിന് പുറമെ മാരക ആയുധങ്ങളും കണ്ടെത്തി.

വ്യത്യസ്ത ആകൃതിയിലുള്ള അഞ്ച് വടിവാളുകൾ, പ്രത്യേക തരം കത്തി, എയർഗൺ. കഞ്ചാവ് അളന്നു തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്സ്, പാക്കിംഗിനായുള്ള ചെറിയ പോളിത്തീൻ കവറുകൾ.

നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ എന്ന വ്യാജേന എത്തുന്ന വിഷ്ണു, ആർക്കും സംശയം തോന്നാത്ത രീതിയിലാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മീൻപിടുത്തക്കാരനായി വേഷം കെട്ടി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് ആവശ്യക്കാർക്ക് കഞ്ചാവ് കൈമാറിയിരുന്നത്. ഇത്തരത്തിൽ രഹസ്യമായി ലഹരി വിൽപ്പന നടത്തുന്നതിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരമാണ് നിർണ്ണായകമായത്.

പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) ആക്ട് പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.