ആലപ്പുഴ: മാരാരിക്കുളത്തും എറണാകുളം മുനമ്പത്തുമായി നടത്തിയ വൻ റെയ്ഡിൽ 72 ചാക്ക് ഹാൻസ് പൊലീസ് പിടികൂടി. മാരുതി ഒമ്‌നി കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളുമായി രണ്ടുപേരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

കണിച്ചുകുളങ്ങര ജങ്ഷന് സമീപം ദേശീയപാതയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് ആദ്യം പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം മുനമ്പത്ത് നടത്തിയ തിരച്ചിലിൽ ഒരു വീടിന്റെ ബാത്ത്റൂമിൽ ഒളിപ്പിച്ച നിലയിൽ 62 ചാക്ക് ഹാൻസ് കൂടി കണ്ടെടുത്തു. അഖിൽ രാജു (35) രാജേഷ് (44) എന്നിവരാണ് പിടിയിലായ പ്രതികൾ

വർഷങ്ങളായി കേരളത്തിലുടനീളം വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വൻ റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്നു പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും കടത്താൻ ഉപയോഗിച്ച ഒമ്‌നി കാറും മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.