കൊല്ലം: ആറന്മുളയിൽ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് പമ്പയാറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ, ജീവൻ പണയം വെച്ച് പുഴയിലേക്ക് ചാടിയ പോലീസ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. ആറന്മുള വഞ്ചിത്ര സ്വദേശിനി പ്രസന്നയുടെ (62) മൂന്ന് പവനിൽ അധികം തൂക്കമുള്ള മാലയാണ് മോഷ്ടിക്കപ്പെട്ടത്.

വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി മുറ്റത്തെക്കിറങ്ങിയ പ്രസന്നയുടെ കഴുത്തിൽ കിടന്ന കെട്ടുതാലി പതുങ്ങിയിരുന്ന പ്രതി പൊട്ടിച്ച് ഓടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. എസ്.ഐ. ആഷിൽ രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി സമീപത്തെ മുളങ്കാട്ടിൽ ഒളിച്ചിരുന്നു.

പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തിയതോടെ ഇയാൾ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ആറന്മുള പോലീസ് സ്റ്റേഷനിലെ കിരൺ, ആകേഷ് എന്നീ ഉദ്യോഗസ്ഥർ പിന്നാലെ ആറ്റിലേക്ക് ചാടുകയും, ആറിന്റെ മധ്യത്തിൽ വെച്ച് പ്രതിയായ കുഴിക്കാല കുറുന്താർ കാവിൽ മേലേതിൽ രാജേഷ് കുമാറിനെ പിടികൂടി കരയ്ക്ക് എത്തിക്കുകയുമായിരുന്നു.

പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ പിടിവലിയിൽ എസ്.ഐ. ആഷിൽ രവിയുടെ കാലിന് പരിക്കേറ്റു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ സ്റ്റേഷനിലെത്തിക്കാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ രാജേഷ് കുമാറിനെ റിമാൻഡ് ചെയ്തു.