- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയുടെ ജഡം കിട്ടിയത് കിണറ്റിൽ നിന്ന്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതും വൻ ട്വിസ്റ്റ്; പ്രതിയെ പൊക്കി പോലീസ്

കൊല്ലം: തൃക്കരുവയിൽ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 62 വയസ്സുകാരി പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊന്നമ്മയുടെ മകൻ വർഗീസിനെ (32) അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. വാക്കേറ്റത്തെ തുടർന്ന് അമ്മയെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വർഗീസ് പോലീസിന് മൊഴി നൽകി.
ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് തൃക്കരുവ ഞാറക്കൽ ആനചുട്ട മുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ വീട്ടുവളപ്പിലെ കിണറ്റിൽ പൊന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അഞ്ചാലുംമൂട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്. വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവദിവസം രാവിലെ അമ്മയും മകനും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റമുണ്ടായെന്നും, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പൊന്നമ്മയെ കിണറ്റിൽ തള്ളിയിടുകയായിരുന്നെന്നും വർഗീസ് പോലീസിനോട് പറഞ്ഞു.
മാതാവിനെ കൊലപ്പെടുത്തിയ കാര്യം ഇയാൾ ചിലരോട് പറഞ്ഞിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം എസിപി രാജേഷിന്റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


