തിരുവനന്തപുരം: വലിയതുറയിൽ യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപള്ളി യു.പി. സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൾ ഖാദർ (32), വള്ളക്കടവ് എം.ആർ. പാലസിന് സമീപം വലിയവിളാകം പുരയിടത്തിൽ സഹീർഖാൻ (25) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാർച്ച് 17-ന് വലിയതുറ പാലത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. തുടർന്ന് യുവാവിൻ്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും ഇവർ കവർന്നു. കവർച്ചയ്ക്ക് പുറമെ, കത്തി കാട്ടി ഭീഷണിപ്പെടുത്തി എം.ഡി.എം.എ. ഉപയോഗിക്കാൻ യുവാവിനെ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

സിറ്റി ഡാൻസാഫ് സംഘമാണ് ബീമാപള്ളി ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയത്. പിന്നീട് ഇവരെ തുടർനടപടികൾക്കായി വലിയതുറ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് വലിയതുറ പോലീസ് അന്വേഷിച്ചുവരികയാണ്.