തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനകളിൽ വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരത്ത് എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി ഒരു യുവാവ് പിടിയിലായപ്പോൾ, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 31 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.

പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. മലപ്പുറം കടവനാട് സ്വദേശികളായ രാഹുൽ (26), സുബീഷ് (26) എന്നിവരാണ് വ്യവസായിക അളവിലുള്ള 31 കിലോഗ്രാം കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ അജു.പി.ഷാജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

തിരുവനന്തപുരത്ത്, പേരൂർക്കട തോപ്പിൽ നഗർ സ്വദേശി അൻഷാദ് (27) ആണ് മയക്കുമരുന്നുമായി എക്സൈസിൻ്റെ പിടിയിലായത്. കഴക്കൂട്ടം കാര്യവട്ടം ഭാഗത്ത് നടന്ന തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിൽ ഇയാളിൽ നിന്ന് 11.62 ഗ്രാം എംഡിഎംഎ, 32.85 ഗ്രാം ഹാഷിഷ് ഓയിൽ, 37 ഗ്രാമിലേറെ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഫെമിൻ.ജെ, പ്രിവൻ്റിവ് ഓഫീസർ സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിൻ്റോ സെബാസ്റ്റ്യൻ, പ്രബോധ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.