കായംകുളം: വീട് പണിക്ക് വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. കേസിലെ അഞ്ചാം പ്രതി അല്‍ത്താഫ് (25), ആറാം പ്രതി സല്‍മാന്‍ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ കോണ്‍ട്രാക്ക് പണിക്ക് വന്ന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചാണ് ഇവര്‍ പണം കവര്‍ന്നത്. ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി വൈസിലിനെയാണ് ഇവര്‍ തക്കം നോക്കി നിന്ന് തട്ടിക്കൊണ്ടു പോയത്.

പ്രതികൾ വൈസിലിനെ തട്ടിക്കൊണ്ടു പോയി മൊബൈല്‍ ഫോണു പേഴ്സും കൈക്കലാക്കി. ശേഷം ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പരാതി. കേസിലെ രണ്ടും മൂന്നും നാലും പ്രതികളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികൾ കായംകുളത്തെ എടിഎം കൗണ്ടറില്‍ നിന്നും വൈസിലിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു.

കേസിൽ അഞ്ചാം പ്രതിയായ സൽമാൻ ഹരിപ്പാട് പോലീസ് സ്റ്റേഷനിലും, ആറാം പ്രതിയായ അൽത്താഫ് കായംകുളം പോലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. ആറാം പ്രതിയായ അൽത്താഫ് 6 ഗ്രാം ചരസ്സ് കയ്യില്‍വെച്ച കേസിലും പ്രതിയാണ്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.