- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവറേജസ് ഔട്ട്ലെറ്റില് നിന്നൊരു എമർജൻസി കോൾ; സ്ഥലത്ത് കുതിച്ചെത്തിയ പൊലീസിന് ഞെട്ടൽ; മദ്യം വാങ്ങാന് നല്കിയത് അസ്സൽ കള്ളനോട്ട്; യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്/മലപ്പുറം: കോഴിക്കോടും മലപ്പുറം ജില്ലകളിലുമായി ഫറോക്ക് പോലീസ് നടത്തിയ മിന്നൽ കള്ളനോട്ട് വേട്ടയിൽ രണ്ട് വിദ്യാർത്ഥികളുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബിവറേജസ് കോർപ്പറേഷന്റെ രാമനാട്ടുകര ഔട്ട്ലെറ്റിൽ നിന്നുള്ള ഒരു ഫോൺ കോളാണ് അന്വേഷണത്തിന് നിർണായകമായത്.
മദ്യം വാങ്ങാൻ എത്തിയയാൾ നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാരൻ പോലീസുമായി ബന്ധപ്പെട്ടതാണ് കേസിന് തുടക്കമിട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ, രാമനാട്ടുകര ഔട്ട്ലെറ്റിൽനിന്നും മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങീപ്പിച്ച വൈദ്യരങ്ങാടി സ്വദേശി ദിജിൻ പിടിയിലായി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 37 കള്ളനോട്ടുകൾ കണ്ടെടുത്തു.
ദിജിനെ ചോദ്യം ചെയ്തതോടെയാണ് വലിയൊരു കള്ളനോട്ട് വിതരണ ശൃംഖലയിലേക്ക് പോലീസിന് സൂചന ലഭിച്ചത്. ഇതിനെത്തുടർന്ന് കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. മൊത്തം 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്ററും പോലീസ് പിടിച്ചെടുത്തു.
ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ് അംജത്, അഫ്നാൻ ഒരു ബിരുദ വിദ്യാർത്ഥിയാണ്. അംജതിന്റെ അരീക്കോട്ടെ വീട്ടിൽ നിന്ന് കള്ളനോട്ട് അച്ചടിച്ച പേപ്പറുകൾ കണ്ടെത്തി. സാരംഗാണ് കള്ളനോട്ടുകൾ അച്ചടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ വീട്ടിൽനിന്നാണ് പ്രിന്റർ കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം തുടരുകയാണ്.




