- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽക്കൂട് ഉണ്ടാക്കുന്നതിടെ കളിയാക്കിയത് ഇഷ്ടപ്പെട്ടില്ല; യുവാവിനെ ബാറ്റിനടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: വിളിപ്പേര് ചൊല്ലി വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. 2008 ഡിസംബറിൽ മംഗലപുരത്ത് നടന്ന സംഭവത്തിലാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്.
കോട്ടറകരി സ്വദേശി സജീർ (40) ആണ് കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമ്മിക്കുന്നതിനിടെ ജയകുമാർ എന്നയാൾ പ്രതിയായ സജീറിനെ കളിയാക്കി ഇരട്ടപ്പേര് വിളിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ക്ലബിനകത്ത് സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് സജീർ ജയകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ജയകുമാറിനെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 19ന് മരണപ്പെട്ടു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. കേസിന്റെ അന്വേഷണം അന്ന് കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി. അനിൽകുമാർ (നിലവിൽ DySP VACB Southern Range TVM) നടത്തി. കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന സി.ബിനുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.