മൂവാറ്റുപുഴ: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ പോക്‌സോ സ്പെഷ്യൽ കോടതി. പോത്താനിക്കാട് വാടകയ്ക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആയവന സിദ്ധൻപടി ചേന്നിരിക്കൽ സജി (58) യെയാണ് കോടതി ശിക്ഷിച്ചത്. ജഡ്ജി ജി. മഹേഷാണ് വിധി പ്രസ്താവിച്ചത്.

വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവിനു പുറമെ 26 വർഷം അധിക തടവും പ്രതി അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴയായി ഈടാക്കുന്ന 50,000 രൂപ ഇരയായ വിദ്യാർഥിനിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു.

2019 ജൂൺ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് സ്കൂൾ വിട്ട് അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ചെറിയമ്മ പുറത്തുപോയ തക്കംനോക്കി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പോത്താനിക്കാട് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാർ, എസ്‌ഐമാരായ കെ.എം. അശോകൻ, ഇ.എം. ഷാജി, സീനിയർ വനിത സിവിൽ പോലീസ് ഓഫീസർമാരായ ബീന, ടി.എൻ. സിനി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ. ജമുന ഹാജരായി. ലേഖ പി. സുരേഷ് ആയിരുന്നു ലെയ്‌സൺ ഓഫീസർ.