- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവന്മാരെ കണ്ടാൽ പോലീസിന് പോലും തലവേദന; കൊലപതാക ശ്രമം ഉൾപ്പടെയുള്ള നിരവധി കേസുകൾ; സ്ഥിരം പ്രശ്നക്കാരായ നാല് പേർ ഇനി കരുതൽ തടങ്കലിൽ

കൊല്ലം: കാപ്പ നിയമപ്രകാരം നാല് സ്ഥിരം കുറ്റവാളികളെ കൊല്ലം സിറ്റി പോലീസ് കരുതൽ തടങ്കലിലാക്കി. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതിനെത്തുടർന്നാണ് പോലീസ് ഈ കടുത്ത നടപടി സ്വീകരിച്ചത്. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയിൽ നിന്നുള്ള ചിക്കു (30), രഞ്ജിത്ത് (34), നൗഫാൻ (28), ജെറി (37) എന്നിവരെയാണ് തടങ്കലിലാക്കിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസ് ഐ.എ.എസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടർന്ന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന ചിക്കു, ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയും ജനുവരി 9-ന് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി വരാന്തയിൽ വെച്ച് കരുനാഗപ്പള്ളി സ്വദേശി രാഹുലിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ, കരുനാഗപ്പള്ളി, ഓച്ചിറ, കൊല്ലം ഈസ്റ്റ് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ചിക്കു പ്രതിയാണ്.
കൊട്ടിയം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊട്ടിയം പോലീസ് സ്റ്റേഷനും രജിസ്റ്റർ ചെയ്ത എട്ടോളം കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്. 2023 മുതലുള്ള മൂന്ന് കേസുകൾ പരിഗണിച്ചാണ് ഇയാൾക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവിട്ടത്. 2016 മുതൽ കൊട്ടിയം, കൊല്ലം ഈസ്റ്റ്, പാറശാല എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസുകളിൽ നൗഫാൻ പ്രതിയാണ്.
ശക്തികുളങ്ങര, കൊല്ലം വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ 2022 മുതൽ രജിസ്റ്റർ ചെയ്ത ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജെറി. വിവിധ പോലീസ് സ്റ്റേഷനുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ അറസ്റ്റ് ചെയ്ത പ്രതികളെ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.


