തിരുവനന്തപുരം: അടിമലത്തുറയിൽ ഇൻ്റർലോക്ക് സ്ഥാപിക്കുന്ന സ്ഥലത്ത് വാഹനം തടഞ്ഞതിലെ തർക്കത്തെ തുടർന്ന് സ്ത്രീകളെയടക്കം ആക്രമിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. വിഴിഞ്ഞം പോലീസാണ് പ്രതികളെ പിടികൂടിയത്. ലൂർദുപുരം ഉണ്ടവിളാകം സ്വദേശി ജിമ്മി (25), കൊച്ചുപള്ളി സ്വദേശി ജിനോ (24), കരിങ്കുളം സ്വദേശികളായ അനീഷ് (24), ആർട്ടിൻ (23), പുല്ലുവിള സ്വദേശികളായ ക്രിസ്തുദാസ് (24), ഔസേഫ് (21), ഇമ്മാനുവേൽ (23) എന്നിവരാണ് അറസ്റ്റിലായത്.

ഇൻ്റർലോക്ക് പണി നടക്കുന്നതിനാൽ വഴിയിൽ ഇരുചക്ര വാഹനം തടഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനം തടഞ്ഞതിനെച്ചൊല്ലി പ്രതികൾ പിറ്റേദിവസം മദ്യലഹരിയിൽ സ്ഥലത്തെത്തി പ്രദേശവാസികളുമായി തർക്കിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതികളുടെ പരാതിയിലും കേസെടുത്തതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.