മാനന്തവാടി: ചാരായവുമായി എക്സൈസ് യുവാവിനെ അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ വി.എം ജയചന്ദ്രൻ (45)നെ ആണ് അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ കുടുങ്ങിയത്. ഇയാളിൽ നിന്നും നാല് ലിറ്റർ ചാരായം ഉദ്യോഗസ്ഥർ കണ്ടെടുത്തു. അരമ്പറ്റക്കുന്ന് വൈപ്പടി പ്രദേശത്ത് സ്ഥിരമായി ചാരായ വിൽപ്പന നടത്തിവരുന്ന ആളാണ് ജയചന്ദ്രൻ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പും സമാന കേസിൽ ഇയാൾ പിടിയിലായിട്ടുണ്ട്.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്, ഇ.ബി അനീഷ്, കെ.കെ ബിന്ദു എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പത്ത് വർഷം വരെ കഠിന തടവ് ശിക്ഷയായി ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.