കൊച്ചി:എകെജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന് ജാമ്യം നൽകി ഹൈക്കോടതി ഉത്തരവ്.ജാമ്യം നൽകുന്നതിനെ എതിർത്ത പൊലീസ് വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിജു എബ്രഹാം പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.നേരത്തെ കേസിൽ ജാമ്യം അനുവദിക്കണമെന്ന ജിതിന്റെ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യാപേക്ഷയുമായി പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

തന്നെ കേസിൽ കുടുക്കിയതാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കോടതിയിൽ ജിതിന്റെ വാദം.ജിതിനെതിരെ ഒട്ടേറെ കേസുകൾ ഉണ്ടെന്നും,ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് വാദിച്ചെങ്കിലും ഇത് തള്ളിയ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്.രുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.അതേസമയം കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് മൂന്ന് പേർ ഒളിവിലാണ്.

ഇവർക്കായി കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ,പ്രാദേശിക നേതാവ് ടി. നവ്യ, പ്രവർത്തകനായ സുബീഷ് എന്നിവർക്കായാണ് ക്രൈംബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.