പത്തനംതിട്ട : വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ 1985 ൽ രജിസ്റ്റർ ചെയ്ത റബ്ബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ (71)യാണ് വെച്ചൂച്ചിറ പൊലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ് ചെയ്തത്. വെച്ചൂചിറയിൽ 37 വർഷം മുമ്പ് റബ്ബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ, മോഷണത്തിന് ശേഷം മുങ്ങുകയായിരുന്നു.

റാന്നി അത്തിക്കയം ആറാട്ടുമണ്ണ്, പുല്ലംപള്ളി വീട്ടിൽ, വർഗ്ഗീസ് മാത്യു എന്നയാളുടെ, പുകപ്പുരയിൽ നിന്ന് 250 തോളം റബ്ബർഷീറ്റാണ് ഇയാൾ മോഷ്ടിച്ചത്. അന്ന് അകദേശം നാലായിരം രൂപയോളം വില വരുന്ന ഷീറ്റാണ് മോഷ്ടിച്ചത്. അതിന് ശേഷം ഇയാൾ ഒളിവിൽ പോയതോടെ പിടികൂടാൻ കഴിയാതെ വരികയായിരുന്നു.

കാടുകയറി പോയതാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. മൊബൈൽ ഫോണോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന പൊടിയനുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവും ഇത്രനാളും ഇല്ലായിരുന്നു. ഇയാൾ എവിടാണെന്നും ആർക്കും അറിവില്ലായിരുന്നു.

പോത്തുപാറ വനത്തിൽ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ജെസ്ലിൻ വി സ്‌കറിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ സായ് സേനൻ, എസ് സി പി ഒ സാംസൺ, സി പി ഓമാരായ വിഷ്ണു കെ എസ്, ലാൽ, ശ്യാകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടി.