തൃശ്ശൂർ: മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. അക്രമത്തിൽ ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. കേസിൽ കുന്നത്തുനാട് സ്വദേശികളായ പ്രവീൺ അക്ഷയ് എന്നിവരെയാണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമത്തിൽ പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ പോലീസിൽ പരാതിയും നൽകി. തുടർന്ന് മാള പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച മൂന്നരയോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ പ്രതികൾ ഇൻസ്പെക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർ എം.എസ്. സന്തോഷ്‌കു മാർ മാത്രമായിരുന്നു ഈ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നത്. പ്രതികൾ അസഭ്യം പറഞ്ഞ് വാതിലിലും ബോർഡിലും അടിച്ച് ബഹളമുണ്ടാക്കി. തുടർന്ന് ഇരുവരെയും തടയാൻ ശ്രമിച്ചപ്പോഴാണ് സന്തോഷ്‌ കുമാറിന് മർദനമേറ്റത്.

ശേഷം ഇരുവരെയും സ്റ്റേഷനിൽ നിന്നും തള്ളിപ്പുറത്താക്കി. എന്നാൽ പ്രതികൾ അസഭ്യം പറയുന്നത് നിർത്തിയിരുന്നില്ല. ഇവർ റോഡിൽനിന്ന് അസഭ്യം പറയുന്ന സമയത്താണ് എക്സൈസ് സംഘം അവിടേക്ക് എത്തുന്നത്. തുടർന്ന് എക്സൈസ് സംഘം ഇരുവരെയും പിടികൂടാൻ ശ്രമിച്ചു. എന്നാൽ ഇവർ വീണ്ടും ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.