തിരുവനന്തപുരം: ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കാരക്കോണം പുല്ലന്തേരിയിലെ ബിനോയ് എന്ന അച്ചൂസ് ആണ് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്.

ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാരക്കോണം പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തിൽ സുദേവനെ വീട്ടിൽക്കയറി ആക്രമിച്ച കേസിലാണ് ബിനോയി എന്ന അച്ചൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവത്തിൽ കൈയ്ക്ക് പൊട്ടലേറ്റ ബിനോയി ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ വെള്ളറട പൊലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെയാണ് പ്രതി കടന്നുകളഞ്ഞത്.