ആലപ്പുഴ: ലഹരി വിരുദ്ധ വാരാചരണത്തിന് പിന്നാലെ ലഹരിക്കെതിരം ബുൾഡോസർ പ്രയോഗവുമായി എക്സൈസും പൊലീസും. ആലപ്പുഴയിലും ചാരുംമൂട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന തട്ടുകട പൊളിച്ചുനീക്കിക്കൊണ്ടാണ് ലഹരിക്കെതിരെയുള്ള നടപടി.ലഹരി വൽപ്പന നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് നൂറനാട് സ്വദേശി ഷൈജു ഖാന്റെ തട്ടുകടയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.

നൂറനാട് എക്സൈസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന നൈറ്റ് പട്രോളിങ്ങിനിടെ വള്ളിക്കുന്നം സ്വദേശി സന്തോഷിനെ കഞ്ചാവുമായി പിടികൂടിയിരുന്നു.ഇയാളെ ചോദ്യംചെയ്തപ്പോൾ ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് വിൽക്കുന്നതെന്നും കട നടത്തുന്ന ഷൈജു ഖാനാണ് കഞ്ചാവ് നൽകുന്നതെന്നും വ്യക്തമായി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജു ഖാന്റെ കടയും വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി കണ്ടെത്തിയത്.ഇതോടെ കടയുടെ പ്രവർത്തനം നിർത്തിവെക്കാനായി എക്സൈസ് പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം തട്ടുകട പൊളിച്ചുനീക്കിയത്.

കടയിലുണ്ടായിരുന്ന സാധനങ്ങൾ എടുത്തു മാറ്റാൻ അനുവദിച്ച ശേഷമായിരുന്നു പൊളിക്കൽ നടന്നത്.സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിൽപ്പന നടത്തിവരുന്നതായുള്ള നൂറനാട് പൊലീസിന്റെയും എക്സൈസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തട്ടുകട പൊളിച്ചുമാറ്റിയതെന്നും ലഹരിക്കെതിരെ വലിയ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഇവയുടെ വിൽപ്പന തടയേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് പറഞ്ഞു.കഞ്ചാവ് വിൽപ്പന നടത്തിയതിന് ഷൈജുഖാനെതിരെ മുൻപും കേസെടുത്തിട്ടുണ്ടെന്ന് എക്സൈസും അറിയിച്ചു.എക്‌സൈസ്,പൊലീസ്,പഞ്ചായത്ത് ഭരണസമിതി എന്നിവർ സംയുക്തമായാണ് നടപടികൾ സ്വീകരിച്ചത്.