ആലപ്പുഴ: പൈപ്പ് ചോര്‍ച്ച മൂലമുണ്ടായ കുഴിയില്‍ വീണ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ജല അതോറിറ്റി. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാര്‍ (55) മരിച്ച സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബെന്‍ ബ്രൈറ്റിനെ കോട്ടയത്തേക്കു സ്ഥലംമാറ്റി. ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റണമെന്ന അതോറിറ്റി വിജിലന്‍സ് കമ്മിറ്റി ശുപാര്‍ശയെ തുടര്‍ന്നാണു ഇദ്ദേഹത്തെ കോട്ടയത്തേക്കു മാറ്റിയത്.

ഒപ്പം ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടയണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. മേജര്‍ പെനല്‍റ്റി എന്നാണു നടപടിയെപ്പറ്റി അതോറിറ്റി അധികൃതര്‍ നേരത്തെ നല്‍കിയ നോട്ടിസിലുള്ളത്. ബെന്‍ ബ്രൈറ്റിനൊപ്പം ഓവര്‍സീയര്‍ പി.ജെ.ജേക്കബിന്റെ ഇന്‍ക്രിമെന്റ് തടയാനും ശുപാര്‍ശയുണ്ട്. അജയ കുമാര്‍ കുഴിയില്‍ വീണ് മരിക്കാന്‍ ഇടയായത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്നു കഴിഞ്ഞ വര്‍ഷത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2021 ഒക്ടോബര്‍ 27ന് രാത്രിയാണു നാടക കലാകാരനായ അജയകുമാര്‍ അപകടത്തില്‍ പെട്ടത്. നവംബര്‍ 4ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. അമ്പലപ്പുഴ തിരുവല്ല റോഡില്‍ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് കുഴിയില്‍ വീണ് അപകടം ഉണ്ടായത്. ഇതേപ്പറ്റി അന്വേഷിച്ച ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.കെ.സുരേഷ് കുമാര്‍ 2023 ജനുവരി 17ന് റിപ്പോര്‍ട്ട് നല്‍കി. 2023 മേയ് 27നാണു വിജിലന്‍സ് കമ്മിറ്റി തീരുമാനമെടുത്തത്. എന്നാല്‍, ഇപ്പോഴാണു നടപടിയുണ്ടായത്. മന്ത്രി തന്നെ ഇടപെട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ചോര്‍ച്ച പരിഹരിച്ചു കുഴിയടയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. പൈപ്പ് ചോര്‍ച്ചയുണ്ടായി ഒരു വര്‍ഷത്തോളം മൂടാതെ കിടന്ന കുഴിയിലാണ് അജയകുമാര്‍ വീണത്. അപകടമുണ്ടായിട്ടും കുഴി മൂടിയില്ല. അജയകുമാര്‍ മരിച്ച ദിവസം മാത്രമാണു കുഴി മൂടിയത്. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.