കൊല്ലം: സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അർഹരായവർക്ക് വീൽചെയർ എത്തിക്കാൻ ഒരുങ്ങി നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് നിർദ്ധനരോഗികൾക്ക് വീൽചെയറുകൾ എത്തിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

2024 ഡിസംബർ 16 തിങ്കളാഴ്ച കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനിൽ വച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തും. പുനലൂർ ബിഷപ്പ് അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആതുരസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കാണ് ജില്ലാ അടിസ്ഥാനത്തിൽ വീൽചെയർ വിതരണം നടത്തുന്നത്. നേരത്തെതന്നെ ആതുരസ്ഥാപനങ്ങൾക്കായുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റുപകരണങ്ങളും നൽകിയിട്ടുണ്ട്. കെയർ ആൻഡ് ഷെയറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണ് സൗജന്യ വീൽചെയർ വിതരണം.