ഇടുക്കി:ഇടുക്കിയിൽ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നത് കണ്ട് ആസ്വദിക്കാനെത്തുന്നർ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്നതിനെതിരെ നടൻ നീരജ് മാധവിന്റെ വിമർശനം.കള്ളിപ്പാറയിൽ കുറിഞ്ഞി വസന്തം കാണാനെത്തുന്നവരിൽ ചിലർ അശ്രദ്ധമായി കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരേയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.

കള്ളിപ്പാറയിലും,ശാന്തൻപാറയിലും നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന പ്രദേശങ്ങളിൽ ആളുകൾ വ്യാപകമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്ന ചിത്രം സഹിതമാണ് നീരജ് സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.പൂക്കളുടെ പരിസരത്ത് മാത്രമല്ല, ചെടികളിലും ഇവ വന്നു വീണിരിക്കുന്ന ദയനീയ കാഴ്‌ച്ചയുടെ ദൃശ്യങ്ങളാണ് നടൻ പങ്കുവെക്കുന്നത്.ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും നീരജ് അഭ്യർത്ഥിക്കുന്നു.

'നീലക്കുറിഞ്ഞി സന്ദർശനങ്ങൾ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകൾ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നിന്റെ പരിസരത്ത് മാത്രമല്ല, വിലയേറിയ പുഷ്പങ്ങൾക്കു ചുറ്റും ഉപേക്ഷിക്കുന്നു.ഇതിനു തടയിടാൻ അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും കാര്യമാക്കുന്നില്ല. മനോഹരമായ ഇവിടം സന്ദർശിക്കുന്ന എല്ലാവരോടും ഒരു അഭ്യർത്ഥന. പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി കൊണ്ടുപോയാൽ, ദയവായി അത് അവിടെ വലിച്ചെറിയരുത്.'നീരജ് കുറിച്ചു

വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ദേശാന്തരങ്ങൾ കടന്ന് ഖ്യാതി നേടിയവയാണ്. ഈ കാഴ്ച കാണാൻ കേരളത്തിനകത്തും പുറത്തും നിന്നുള്ളവമുള്ളവരാണ് ഇടുക്കി കള്ളിപ്പാറയിലേക്ക് എത്തുന്നത്.എന്നാൽ കണ്ടിട്ട് പോകുന്നവർ നീലക്കുറിഞ്ഞി കൂട്ടത്തിന് തിരിച്ച് അത്ര നല്ല അനുഭവമല്ല നൽകുന്നതെന്ന വസ്തുതയാണ് നടന്റെ വിമർശനത്തിലൂടെ വ്യക്തമാകുന്നത്.

പൂക്കൾ കാണാൻ വന്ന്,അവ പറിച്ചെടുത്ത് സെൽഫി എടുത്ത ഒരാൾക്കെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു.അപൂർവമായി പൂക്കുന്ന പൂക്കളെ ഇത്തരത്തിൽ നശിപ്പിക്കുന്നതിനെതിരെ പലരും രൂക്ഷമായാണ് പ്രതികരിക്കുന്നത്.