- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടുംബത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു; സുപ്രീം കോടതിക്ക് സത്യം ബോധ്യമായി'; ബലാല്‍സംഗകേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്
നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം, ആശ്വാസം പങ്കുവെച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്
കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ ആശ്വാസം പങ്കുവെച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് ആശ്വാസകരമെന്നായിരുന്നു ഷഹിന്റെ പ്രതികരണം. കുടുംബത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടെന്ന് പറഞ്ഞ ഷഹീന്‍ സുപ്രീം കോടതിക്ക് സത്യം ബോധ്യമായെന്നും പറഞ്ഞു.
ബലാല്‍സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. നടി പരാതി നല്‍കാന്‍ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പരാതിയില്‍ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വ വാദം കേട്ട ശേഷമാണ് നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാന്‍ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ മുകുള്‍ റോതഗി വാദിച്ചു. ആദ്യ ഫെയ്‌സ്ബുക്ക് പോസ്‌ററില്‍ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി.
പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും നിര്‍ദേശിച്ചു. അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്ന തീരുമാനമാണു സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സിദ്ദിഖിനു ജാമ്യം നല്‍കിയാല്‍ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.
''2016ല്‍ നടന്ന സംഭവമാണെന്നാണു പരാതിക്കാരി പറയുന്നത്. എന്നാല്‍ 2018ല്‍ ഫെയ്‌സ്ബുക്കില്‍ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചു പോസ്റ്റിടാന്‍ അതിജീവിത ധൈര്യം കാണിച്ചു. പക്ഷേ, പൊലീസിനെ സമീപിക്കാന്‍ 8 വര്‍ഷം വേണ്ടിവന്നു. കേരള സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മിറ്റി മുന്‍പാകെയും ഇവര്‍ ഹാജരായില്ല'' സുപ്രീം കോടതി നിരീക്ഷിച്ചു. ''കേരളത്തിലെ അഭിനേതാവായ മുതിര്‍ന്ന പൗരനാണ്. 2016ല്‍ നടന്നെന്നു പറയുന്ന സംഭവത്തെപ്പറ്റി 2024 ആണ് നടി പരാതിപ്പെട്ടത്'' സിദ്ദിഖിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.
ഓഗസ്റ്റ് 27ന് നടി പരാതി നല്‍കുന്നതിന്റെ തലേന്നു സിദ്ദിഖ് അവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹിയായിരുന്നു സിദ്ദിഖ്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) മുന്‍ ഭാരവാഹിയാണു പരാതിക്കാരി. ഈ രണ്ടു സംഘടനകളും തമ്മില്‍ 'സംഘര്‍ഷത്തില്‍' ആണെന്നും റോത്തഗി വാദിച്ചു.
കേസില്‍ നേരത്തേ സിദ്ദിഖിനു സുപ്രീംകോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സിദ്ദിഖ് തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫെയ്‌സ്ബുക്, സ്‌കൈപ് അക്കൗണ്ടുകള്‍ എന്നിവ സിദ്ദിഖ് ഡിലീറ്റ് ചെയ്തു. അക്കാലത്തെ ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പരാതി നല്‍കാന്‍ 8 വര്‍ഷം വൈകിയതെന്തുകൊണ്ടെന്നു നേരത്തേയും സുപ്രീംകോടതി ചോദിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും സിദ്ദിഖ് അക്കാലത്ത് സിനിമയിലെ ശക്തനായിരുന്നു എന്നുമാണു റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വിശദീകരിച്ചത്. മീ ടൂ വിവാദം ഉയര്‍ന്ന കാലത്ത് തന്റെ അനുഭവത്തിന്റെ ചെറിയ ഭാഗം നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെങ്കിലും സൈബര്‍ ആക്രമണം കാരണം നിശ്ശബ്ദയായി. ഈ സാഹചര്യത്തില്‍ പരാതി നല്‍കാന്‍ വൈകിയത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.