ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്ക നിർമ്മാണത്തിൽ ഒരു വിധത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് അദാനി ഗ്രൂപ്പ്. നിർമ്മാണത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ കമ്പനിക്കു പങ്കാളിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

തുരങ്ക നിർമ്മാണം നടത്തുന്ന കമ്പനിയിൽ അദാനി ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമില്ല. ഗ്രൂപ്പിലെ ഉപ കമ്പനികൾക്കും ഇതുമായി ബന്ധമില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. തുരങ്ക നിർമ്മാണം നടത്തുന്ന കമ്പനിക്ക് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന മട്ടിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കൊപ്പം നിൽക്കുകയും അവരുടെ രക്ഷയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടസമയത്ത് ഇത്തരത്തിൽ ഹീനമായ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നതായി അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.