- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ഘാടനത്തിനൊരുങ്ങി ലൈഫ് സയൻസസ് പാർക്കിലെ അഡ്‌മിൻ ആൻഡ് ബയോടെക് ലാബ്;കെട്ടിടോദ്ഘാടനവും കൈമാറ്റവും മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 19ന് നിർവഹിക്കും
തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമ്മാണം പൂർത്തിയായ അഡ്‌മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജം. കെട്ടിട ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) കെട്ടിട കൈമാറ്റവും ഏപ്രിൽ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലൈഫ് സയൻസ് പാർക്കിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ കയർ, നിയമം, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ രണ്ടാം ഘട്ടത്തിനായി ലൈഫ് സയൻസ് പാർക്കിലെ ആദ്യഘട്ടത്തിൽ 80,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അഡ്‌മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിർമ്മാണമാണ് കെ.എസ്‌ഐ.ഡി.സി പൂർത്തിയാക്കിയിട്ടുള്ളത്. കെട്ടിടത്തിൽ ബയോ സേഫ്റ്റി -രണ്ട് കാറ്റഗറിയിലുള്ള 16 ലാബുകൾ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി നടത്തി വരുന്നത്. 16 ലാബുകളിൽ എട്ട് ലാബുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി എട്ടെണ്ണം 2023- 24 സാമ്പത്തിക വർഷത്തോടെ പൂർത്തിയാവും.
പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി-വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് ആപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആകെ 22 ലാബുകളും ഒരുക്കും. കുരങ്ങുപനി ഉൾപ്പടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വിപുലമായ മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ലാബുകളിൽ ഉണ്ടാകും. ബിഎസ്എൽ 3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമ്മാണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കും. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയും വിധം ആധുനിക സൗകര്യങ്ങളാകും ഐ.എ.വി സജ്ജമാക്കുക. ഇതോടെ സംസ്ഥാനത്തെ വൈറോളജി പരിശോധനകളും ഗവേഷണങ്ങളും എളുപ്പമാകും.
രണ്ട് ഘട്ടമായാണ് തിരുവനന്തപുരം തോന്നയ്ക്കലിൽ കെഎസ്ഐഡിസി ലൈഫ് സയൻസ് പാർക്ക് പദ്ധതി സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിലെ 75 ഏക്കറിൽ 70 ഏക്കറും രണ്ടാം ഘട്ടത്തിലെ 123 ഏക്കറിൽ 86 ഏക്കറും വീതം ഭൂമി കെ.എസ്‌ഐ.ഡി.സി ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 20 മീറ്റർ വീതിയുള്ള ആന്തരിക റോഡുകൾ, ജലം (1 എംഎൽഡി), വൈദ്യുതി (3 എംവിഎ) വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ വ്യവസായ സംരംഭകർക്ക് സംരംഭം ആരംഭിക്കാൻ ഭൂമിയും അനുവദിച്ചു വരുന്നു. സംരംഭകരുടെ യൂണിറ്റുകളുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയും ചെയ്യുന്നു.
ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുമായി ചേർന്നുള്ള സംരംഭമായി, ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഘട്ടത്തിലെ ഒൻപത് ഏക്കർ സ്ഥലത്ത് ഒരു മെഡിക്കൽ ഡിവൈസസ് പാർക്കും (മെഡ്സ് പാർക്ക്) സ്ഥാപിക്കുന്നുണ്ട്. സംരംഭങ്ങൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ ഏകദേശം 700 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ 30,000 ചതുരശ്ര അടി വിസ്തീർണമുള്ള ആറ് ലാബുകൾ ഉൾപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി), കേരള വെറ്ററിനറി സയൻസസ് ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ച റിസർച്ച് കം ലേണിങ് സെന്റർ എന്നിവയാണ് ആദ്യ ഘട്ടത്തിലെ പാർക്കിൽ പ്രവർത്തിക്കുന്ന പ്രധാന പദ്ധതികൾ.
മറുനാടന്‍ മലയാളി ബ്യൂറോ