തൃശൂർ: തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് (NIHSAD) ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുത കർമ്മ സേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു.

രോഗം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുന്നതിൻ്റെ ഭാഗമായി, രോഗം സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും, കടകളുടെ പ്രവർത്തനങ്ങൾക്കും, പന്നികളെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി.

പന്നികളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം വ്യക്തമാക്കി. ആഫ്രിക്കൻ പന്നിപ്പനി, പന്നികളിൽ ഉയർന്ന മരണനിരക്ക് ഉണ്ടാക്കുന്ന അതീവ ഗുരുതരമായ ഒരു വൈറൽ രോഗമാണ്. 1900-കളിൽ ഈസ്റ്റ് ആഫ്രിക്കയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്. സാധാരണ പന്നിപ്പനിയുമായി രോഗലക്ഷണങ്ങളിൽ സാമ്യമുണ്ടെങ്കിലും, ഇവ രണ്ടും വ്യത്യസ്ത വൈറസുകൾ മൂലമുണ്ടാകുന്ന ഗൗരവമേറിയ രോഗങ്ങളാണ്.