കോതമംഗലം: താലൂക്കിലെ വാരപ്പെട്ടിയിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ കർഷകന്റെ വാഴവെട്ടി നശിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വാരപ്പെട്ടി ഇളങ്ങവത്ത് കർഷകൻ തോമസിന്റെ വെട്ടിനശിപ്പിക്കപ്പെട്ട വാഴത്തോട്ടം സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി വൈദ്യുത ബോർഡും കൃഷി വകുപ്പുമായി ചേർന്ന് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും കൃഷിക്കാർക്ക് ആവശ്യമെങ്കിൽ ബോധവൽക്കരണം നൽകുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ നഷ്ടപരിഹാരം വേണമെന്ന തോമസിന്റെ ആവശ്യം പരിഗണിക്കാം എന്ന് ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്.

രാവിലെ എട്ട് മണിയോടെയാണ് കൃഷി മന്ത്രി പി പ്രസാദ് വാരപ്പെട്ടിയിലുള്ള തോമസിന്റെ കൃഷിയടത്ത് എത്തിയത്. വെട്ടി നശിപ്പിച്ച കൃഷിയിടം മന്ത്രി സന്ദർശിച്ചു. നാട്ടുകാർ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മന്ത്രിയെ അറിയിച്ചത്. വൈദ്യുത ലൈൻ താഴ്ന്ന് പേകുന്നത് വിലയ അപകടത്തിന് സാധ്യതയുണ്ട്, ഇതിന് താഴേ ഏത് കൃഷി ചെയ്യാമെന്ന് വ്യക്തമായ പരിശീലനം ലഭിക്കുന്നില്ല, മുന്നറിയില്ലാതെ ഉദ്യോഗസ്ഥർ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ വലിയ നഷ്ടം ഉണ്ടാക്കുന്നു എന്നീ കാര്യങ്ങളാണ് നാട്ടുകാർ കൃഷി മന്ത്രിയെ അറിയിച്ചത്. ഈ മൂന്ന് പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

ലൈനുകൾ താഴ്ന്ന് പോകുന്നത് ശ്രദ്ധയിൽ പെട്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാൻ കെഎസ്ഇബിയുമായി ആലോചിച്ച് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ആന്റണി ജോൺ എം എൽ എ , വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി ,പഞ്ചായത്ത് മെമ്പർ ദിവ്യ സാലി , എറണാകുളം ജില്ലാ കൃഷി ഓഫീസ് ബിൻ സി അബ്രാഹം, കൃഷി ഡപ്യൂട്ടി ഡയറക്ടർ വി പി.സിന്ധു , കോതമംഗലം കൃഷി അസി.ഡയറക്ടർ ഇൻ ചാർജ് അബിളി സദാനന്ദൻ ,വാരപ്പെട്ടി കൃഷി ഓഫീസർ ഇ.എൻ മനോജ് , ജനപ്രതിനിധികൾ , കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രി യുടെ ഒപ്പം ഉണ്ടായിരുന്നു.

കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്. മൂന്നര ലക്ഷം രൂപയാണ് വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.