- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എസ്. സ്വാമിനാഥന്റെ ഗവേഷണങ്ങൾ ഇന്ത്യയ്ക്കു വേണ്ടി; കൃഷി അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു: അനുസ്മരിച്ച് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: മനുഷ്യനോടും കൃഷിയോടും വലിയൊരു ഹൃദയബന്ധം കാത്തുസൂക്ഷിച്ചയാളെയാണ് ഡോ.എം.എസ്. സ്വാമിനാഥന്റെ മരണത്തോടെ നഷ്ടമായിരിക്കുന്നതെന്ന് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്. അദ്ദേഹത്തിന്റെ ഗവേഷണ, പരീക്ഷണ, നിരീക്ഷണങ്ങളെല്ലാം ഇന്ത്യയ്ക്കു വേണ്ടിയായിരുന്നുവെന്നും കൃഷിമന്ത്രി അനുസ്മരിച്ചു.
''ആലപ്പുഴയുടെയും കുട്ടനാടിന്റെയും മണ്ണ് ഇന്ത്യയ്ക്കും ലോകത്തിനും സംഭാവന ചെയ്ത ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.എസ്. സ്വാമിനാഥൻ. കുട്ടനാടിന്റെ കാർഷിക മേഖലയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. കർഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കൃഷി അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നുവെന്ന് വേണമെങ്കിൽ പറയാം. അവിടെനിന്ന് ലോകത്തെ ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞരുടെ പട്ടികയിലേക്ക് അദ്ദേഹം ഉയർന്നു.
അദ്ദേഹത്തിന്റെ ഗവേഷണങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമെല്ലാം ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും ഇന്ത്യൻ ജനതയ്ക്കും പ്രയോജനപ്പെടണമെന്ന് അദ്ദേഹത്തിന് ശാഠ്യമുണ്ടായിരുന്നു. ഭക്ഷ്യ ദൗർലഭ്യം, ധാന്യങ്ങളുടെ കുറവ് ഉൾപ്പെടെയുള്ള പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള വലിയ ശ്രമങ്ങളിലേക്ക് അദ്ദേഹം ഏർപ്പെട്ടത്. അതിന് ആവശ്യമായ ഗവേഷണങ്ങൾ നടത്തി, പുതിയ ഇനങ്ങൾ വികസിപ്പിച്ച് എടുക്കുന്നതിൽ പങ്കാളിയാകുകയും നേതൃത്വം കൊടുക്കുകയും ചെയ്തു. ഇതൊക്കെയാണ് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന വിശേഷണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം പുതിയ ഇനങ്ങൾ കണ്ടെത്തുക, ഗവേഷണങ്ങൾ നടത്തുക എന്നതൊക്കെയുണ്ടായിരുന്നെങ്കിലും നാടിനെ മറക്കാത്ത, ജനതയെ മറക്കാത്ത ശാസ്ത്രജ്ഞനെയാണ് എം.എസ്. സ്വാമിനാഥനിലൂടെ ലഭിച്ചത്. കുട്ടനാടിന്റെ പാരിസ്ഥിതിക സന്തുലനത്തെ നിലനിർത്തി ആ കാർഷിക മേഖലയെ രക്ഷിക്കണമെന്ന ഉദ്ദേശ്യമാണ് കുട്ടനാട് പായ്‌ക്കേജിന്റെ പിറവിക്കു പിന്നിൽ. കേരളത്തിന്റെ സുപ്രധാനമായ നെല്ലറയെയും അവിടുത്തെ ജനതയെയും സംരക്ഷിക്കുന്നതിനുള്ള വലിയ ഇടപെടലായിരുന്നു കുട്ടനാട് പായ്‌ക്കേജ്.
ഇന്ത്യയിലെ ഓരോ കാർഷിക മേഖലയുമായും ബന്ധപ്പെട്ട് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കാർഷിക മേഖലയുടെ ഉയർച്ച അദ്ദേഹം ഗൗരവമായി കണ്ടു. കർഷകന് വരുമാനത്തിൽ വർധനവ് ഉണ്ടാകണമെന്ന കാര്യം ഭരണകൂടങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നത് അദ്ദേഹമാണ്. ഭരണാധികാരിക്കുമപ്പുറം സാധാരണ കർഷന്റെ വരുമാനമെന്നത് ഏറ്റവും ഗൗരവമായി കണ്ടത് ഒരു ശാസ്തജ്ഞനാണെന്നതാണ് പ്രത്യേകത.
കർഷകൻ, കൃഷി, കാർഷിക മേഖല എന്നിവയിൽ കൃത്യമായ ഇടപെടൽ നടത്തി വ്യത്യാസങ്ങൾ അവതരിപ്പിച്ച്, ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയെങ്കിൽ മാത്രമേ അടിസ്ഥാനപരമായ മുന്നേറ്റം ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യമാണ് ഇതര ശാസ്ത്രജ്ഞന്മാരിൽനിന്നെല്ലാം അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്'' പി.പ്രസാദ് കൂട്ടിച്ചേർത്തു.




