- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ 'കേരളവും പ്രവാസി സമൂഹവും' എന്ന വിഷയത്തിൽ നോർക്ക സംഘടിപ്പിച്ച സെമിനാറിലെ ചർച്ച ഉപസംഹരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിർദേശങ്ങൾ പ്രവാസി സമൂഹത്തെ സംബന്ധിച്ച നയരൂപവത്കരണത്തിൽ പരിഗണിക്കുമെന്നും കേരളീയത്തിന്റെ ഭാഗമായി തയാറാക്കുന്ന നവകേരള വിഷൻ രേഖക്കായി സമർപ്പിക്കുമെന്നും അദ്ദേഹം അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികൾക്കായി സുസ്ഥിര തൊഴിൽ അവസരങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഇടപെടലിൽ ആരംഭിക്കാനുള്ള പദ്ധതികൾ ഇതിനകം തന്നെ ആലോചനയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷൻ നിലവിലുണ്ടെങ്കിലും 60 കഴിഞ്ഞ പ്രവാസികളെ പ്രത്യേകമായി പരിഗണിക്കും. പ്രവാസിക്ഷേമത്തിന് കേന്ദ്രസർക്കാർ സാമ്പത്തിക വിഹിതം നൽകണം എന്ന് സെമിനാറിൽ ഉയർന്ന ആവശ്യം പരിഗണിച്ച് ജനപ്രതിനിധികളെ ഉൾപ്പെടുത്തി കേന്ദ്രത്തിൽ കൂടുതൽ സമ്മർദം ചെലുത്തും. പ്രവാസികളുടെ കൃത്യമായ വിവര ശേഖരണത്തിനു തയാറാക്കിയ ഡിജിറ്റൽ ഡാറ്റാ പ്ലാറ്റ്‌ഫോം ഉടൻ പ്രവർത്തനമാരംഭിക്കും. അടിസ്ഥാനസൗകര്യ വികസന രംഗത്ത് പ്രവാസി നിക്ഷേപം വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തും.
പ്രവാസിനിക്ഷേപം വർധിപ്പിക്കുന്നതിന് ഡയസ്‌പോറ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഡയസ്‌പോറ ബോണ്ട് ആരംഭിക്കണമെന്ന് സെമിനാറിൽ ഉയർന്ന നിർദ്ദേശം സ്വാഗതാർഹമാണ്. ലോകത്തിന് കേരളം സംഭാവന ചെയ്ത പുതിയ മാതൃകയായ ലോകകേരളസഭ കൂടുതൽ വൈവിധ്യവത്കരിക്കും. പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുത്തും. വിദ്യാർത്ഥി കുടിയേറ്റം മാനേജ് ചെയ്യുന്നതിന് സ്റ്റുഡന്റ്‌സ് ഫെസിലിറ്റേഷൻ കേന്ദ്രം ആരംഭിക്കും. ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കായി ഇന്ത്യയിൽ ഏറ്റവുമധികം സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ആമുഖ ഭാഷണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നോർക്ക ആൻഡ് ഇൻഡസ്ട്രീസ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വിഷയാവതരണം നടത്തി. പഴയകാല ഗൾഫ് പ്രവാസികൾ ജന്മനാടുമായുള്ള ബന്ധം മുറിയാതെ നിലനിർത്തുന്നതിൽ ബദ്ധ ശ്രദ്ധരായിരുന്നുവെങ്കിൽ ഇന്ന് ഗൾഫിലെ രണ്ടാം തലമുറക്ക് ഈ വേര് നിലനിർത്താൻ താൽപര്യമില്ലെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നതായും ചർച്ചയിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.




