- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയിൽ മാരിടൈം യൂണിവേഴ്സിറ്റിയായി ഉയർത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തൃശ്ശൂർ: മാരിടൈം പരിശീലന കേന്ദ്രങ്ങൾ ഗുജറാത്തിലും ചൈന്നെയിലുമുള്ള മാരിടൈം യൂനിവേഴ്സിറ്റിയുമായി ചേർന്ന് കപ്പൽ ഗതാഗതം, മാരിടൈം നിയമം, മാരിടൈം മാനേജ്മെന്റ് എന്നി കോഴ്സുകൾ നടത്തുകയും ഭാവിയിൽ ലോകത്തിന് തന്നെ മാതൃകയായി മാരിടൈം യൂണിവേഴ്സിറ്റിയായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് തുറമുഖം - മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. അഴീക്കോട് മാരിടൈം കോളേജിൽ ഉൾനാടൻ ജലഗതാഗത നിയമപ്രകാരം പരിഷ്‌കരിച്ച ഐ.വി. (ഇൻലാൻഡ് വെസ്സൽ) റൂൾ പ്രകാരമുള്ള കോഴ്‌സുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ കരുത്ത് പകരുന്ന നൂതന ആശയങ്ങളും പദ്ധതികളും മാരിടൈം ബോർഡ് ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. തുറമുഖങ്ങളെ അടിസ്ഥാനമാക്കി തീരദേശ മേഖലയെ സംസ്ഥാനത്തിന്റെ ആകെ വികസനത്തിന് പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാർ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മേഖലയാണ് തുറമുഖങ്ങളെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
വാണിജ്യ ആവശ്യത്തിന് വിഴിഞ്ഞം തുറമുഖം തുറന്ന് കൊടുക്കുന്നതോടെ തീരദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സാങ്കേതിക വൈദഗ്ധ്യം ഉണ്ടെങ്കിൽ തുറമുഖം, കപ്പൽ എന്നിവിടങ്ങളിൽ ജോലി സാധ്യത ഉറപ്പാണ്. രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസന സാധ്യതകളിൽ തുറമുഖവും അനുബന്ധ വികസന പ്രവർത്തനങ്ങളും ഇനിയുള്ള നാളുകളിൽ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നു. അതിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഉൾനാടൻ ജലഗതാഗതവും ചരക്കു നീക്കവും, ഹൗസ് ബോട്ട് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലെ പ്രവർത്തനങ്ങളുമെന്നും തദ്ദേശീയരായ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന മേഖലയാണിതെന്നും മന്ത്രി പറഞ്ഞു.
ഈ രംഗത്ത് പരിജ്ഞാനമുള്ളവരെ കൊണ്ടുവരണമെന്നാണ് വകുപ്പിന്റെ തിരുമാനം. അതാണ് ഇത്തരം കോഴ്സുകൾ നടപ്പാക്കുന്നത്. ജലഗതാഗത യാനങ്ങളിൽ ജോലി നോക്കുന്നവർക്ക് സർട്ടിഫിക്കറ്റും വൈദഗ്ധ്യവും നിർബന്ധമാണ്. ഈ അടിയന്തിര സാഹചര്യം പരിഗണിച്ചാണ് മാരിടൈമിലൂടെ കോഴ്സുകൾ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഴീക്കോട് മുനക്കൽ മുസിരീസ് ഡോൾഫിൻ ബീച്ചിലെ മാരിടൈം അക്കാദമിയിൽ നടന്ന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ യോഗ്യതയുള്ള വിദഗ്ധരെ വാർത്തെടുക്കാനും പരിശീലനങ്ങൾ നൽകാനുമാണ് പുതിയ കോഴ്‌സുകൾ അനുവദിച്ചിരിക്കുന്നത്.
ചടങ്ങിൽ ഏറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുഗതാ ശശിധരൻ, കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ സുമിത ഷാജി, മാരിടൈം ബോർഡ് ചെയർമാൻ എൻ. ശിവശങ്കരപ്പിള്ള, മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈൻ എ. ഹഖ്, മാരിടൈം ബോർഡ് മെമ്പർമാരായ അഡ്വ. എംപി. ഷിബു, അഡ്വ. സുനിൽ ഹരീന്ദ്രൻ, വി സി. മധു, കാസിം ഇരിക്കൂർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




