തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് തള്ളി സിപിഎം. അത്തരത്തിലൊരു നിലപാട് സിപിഎമ്മിനില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു.

ഓരോ മണ്ഡലത്തിലും ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് അതത് പാർട്ടികളാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ സിപിഐ നേരത്തേ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ ഉയർന്നിരുന്നു.

ഇന്ത്യ മുന്നണി ഒന്നിച്ചു നിൽക്കുമ്പോൾ അതിന്റെ നേതാവായ രാഹുൽ സഖ്യകക്ഷിയായ സിപിഐക്കെതിരെ മൽസരിക്കരുതെന്ന ആവശ്യം ഉയർത്തിയത് പി.സന്തോഷ് കുമാർ എംപിയാണ്. ബിജെപിക്കെതിരെ രാഹുൽ മറ്റൊരു സംസ്ഥാനത്ത് മൽസരിച്ച് വിജയിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.